ശുജാഇ മൊയ്തു മുസ്‌ലിയാര്‍;
സൂഫി, പണ്ഡിതന്‍, സാഹിത്യകാരന്‍
ശുജായി എന്നാല്‍ ശുജാഅ് എന്നതിന്റെ മാപ്പിളഭാഷയാണ്. ധീരന്‍ എന്നാണിതിന്റെ അര്‍ത്ഥം. പൊന്നാനിയില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരിക്കള്‍ എണ്ണതീര്‍ന്ന് വിളക്കണഞ്ഞുപോയി. സഹപാഠികള്‍ നിസ്സഹായരായി നോക്കി നില്‍ക്കെ മൊയ്തു മുസ്ലിയാര്‍ വിളക്കില്‍ അത്തര്‍ നിറച്ച് കത്തിച്ചു. വെളിച്ചത്തോടൊപ്പം സുഗന്ധവും പള്ളിയിലാകെ പരന്നു. തന്റെ റൂമിലും മണമെത്തിയപ്പോള്‍ ഉസ്താദ് ചോദിച്ചു:''ഏത് ശുജായി ആണെടാ വിളക്ക് കത്തിച്ചത് ?'' അന്നു മുതല്‍ മൊയ്തു മുസ്ലിയാര്‍ ശുജായിയായി.
കേരളീയ മുസ്ലിം പണ്ഡിതരില്‍ വ്യതിരക്തനായ വ്യക്തിത്വമാണ് ശുജായി മൊയ്തു മുസ്ലിയാര്‍. പൊന്നാനിക്കടുത്ത് അണ്ടത്തോട് കുളങ്ങരവീട്ടില്‍ അബ്ദുല്‍ ഖാദിര്‍ സാഹിബിന്റെ പുത്രനായി 1861/1278 ലാണ് ജനനം. സമ്പന്ന കുടുംബാംഗമായ അദ്ദേഹം സ്വദേശത്തെ പ്രാഥമിക പഠനത്തിനു ശേഷം എരമംഗലം, വെളിയങ്കോട്, പൊന്നാനി ദര്‍സുകളില്‍ ഉപരിപഠനം നടത്തി. തുന്നന്‍വീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍ (മ.1343/1924), സിയാമു മുസ്ലിയാര്‍, ചെറിയ കുഞ്ഞന്‍ബാവ മുസ്‌ലിയാര്‍ (മ.1341/1922)എന്നിവരാണ് പ്രധാന അദ്ധ്യാപകര്‍. പഠനകാലത്തു തന്നെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. പിന്നീട് പൊന്നാനിയുടെ പ്രതീകമായി അദ്ദേഹം മാറി. കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം രൂക്ഷമായപ്പോള്‍ കൊണ്ടോട്ടി പഴയങ്ങാടി ജുമുഅത്ത് പള്ളിയില്‍ നടന്ന വാദപ്രതിവാദത്തില്‍ പൊന്നാനി പക്ഷത്തെ പ്രതിനിധീകരിച്ചത് ശുജായി മൊയ്തു മുസ്‌ലിയാരായിരുന്നു. അണ്ടത്തോട്, എരമംഗലം, പൊന്നാനി വലിയ ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. ആദ്ധ്യാത്മിക സരണിയില്‍ ജ്വലിച്ചു നിന്ന സൂഫിവര്യനും പ്രഭാഷണ വേദികളില്‍ നിറഞ്ഞുനിന്ന പണ്ഡിതശ്രേഷ്ഠനുമായിരുന്നു അദ്ദേഹം.
ബഹുഭാഷാ പണ്ഡിതനായിരുന്നു മൊയ്തു മുസ്‌ലിയാര്‍. ഹിന്ദുസ്ഥാനി ഭാഷ പ്രചരിപ്പിക്കുന്നതിനായി 'ഗുരുഹിന്ദുസ്ഥാനി' എന്ന ഭാഷാ പഠന ഗ്രന്ഥം ഹി 1307 ല്‍ അറബിമലയാളത്തില്‍ പുറത്തിറക്കി. ഈ പുസ്തകം നിരവധി ദര്‍സുകളില്‍ പാഠപുസ്തകമായി ഒരുപാട് കാലം ഉപയോഗിച്ചിരുന്നു. 1305 ല്‍ പൊന്നാനിയില്‍ നിന്നും പ്രസിദ്ധീകരിച്ച 'മഅ്ദനുല്‍ ജവാഹിര്‍' മഹാരത്നമാല, 'മനാഫിഉല്‍ മൗത്' അദ്ധ്യാത്മിക ചിന്തകളടങ്ങുന്ന അമൂല്യ രചനയാണ്. 1311ല്‍ പ്രസിദ്ധീകരിച്ച 'നഹ്ജു ദഖാഇഖ്' താത്വിക കൃതിയാണ്. ചരിത്ര പഠനത്തിലും രചനയിലും അതീവതല്‍പരനായിരുന്നു അദ്ദേഹം.1887 ല്‍ പ്രസിദ്ധീകരിച്ച 'ഫൈളുല്‍ ഫയ്യാള്' ലോകോല്‍പ്പത്തി മുതല്‍ അബ്ബാസിയ്യ ഖലീഫമാരിലെ നാസര്‍ വരെയാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. മൂന്ന് വാള്യങ്ങളായി പ്രസിദ്ധീകരിച്ച 'ഫത്ഹുല്‍ ഫത്താഹ്' ലോകോല്‍പ്പത്തി മുതല്‍ തുര്‍ക്കി ഖലീഫ അബ്ദുല്‍ ഹമീദ് വരെയുള്ള ചരിത്രം പ്രതിപാദിക്കുന്നു. അനന്തരാവകാശ തര്‍ജമയാണ് അവസാന കൃതി.
അറബി മലയാളത്തിലെ മിസ്റ്റിക് സാഹിത്യകാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്. സഫല മാല ജനസമ്മിതി നേടിയ കൃതിയാണ്. മാലയുടെ ചില അവസാന വരികള്‍ ഇങ്ങനെയാണ്:
''ചൊല്ലിപ്പിരുന്തുതയ് സഫല മാല
സാരം ധരിക്കാത്തോര്‍ക്ക് അഫല മാല
മല്ലാല്‍ യെതിര്‍ക്കുകില്‍ സകല മാല
മോകം മികച്ചോരില്‍ സഹല മാല
കല്ലാല്‍ കിബ്‌രിത്തുല്‍ അഹ്മര്‍ മാല
കനകം യവാഖീത്തും ജവാഹിര്‍ മാല
അല്ലാ ഫനാ ഫലം പണിന്തേ മാല
അദിരം ബഖാദാറില്‍ അണിന്തേ മാല
മാലാ ബഹുമാലാ കമാലാ മാലാ
മാനം അഫമാനം വശമുള്‍ മാലാ''
1919-ല്‍ ഹജ്ജിനു പുറപ്പെട്ട അദ്ദേഹം കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കി സ്വദേശത്തേക്കു തിരിച്ചു വരുമ്പോള്‍ ഹിജ്‌റ 1338 മുഹറം 29-ന് ജിദ്ദയില്‍ വെച്ച് വിടപടഞ്ഞു. കപ്പലിലായിരുന്നു യാത്ര. യാത്രയുടെ തുടക്കത്തില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ''ധാന്യം താഴ്ന്നു പോകും, പതിര് പൊന്തി വരും'' എന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ജിദ്ദയില്‍ തന്നെ ഖബറടക്കി.