തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാര്‍;
ആത്മജ്ഞാനത്തിന്റെ നിറ ശോഭ
ഭൗതിക ലോകത്തെ അവഗണിക്കലും അതിന്റെ ലക്ഷണങ്ങളെ ഹൃദയത്തില്‍ നിന്നും തുടച്ചു നീക്കലുമാണ് സുഹ്ദ്; പരിത്യാഗം. ഇബാദത്തും സുഹ്ദും തവക്കുലുമായി നമുക്കു മുമ്പിലൂടെ ജീവിച്ചു മണ്‍മറഞ്ഞുപോയ ആത്മജ്ഞാനിയാണ് തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാര്‍. ആത്മീയമതയുടെ അന്തസത്തയെ തന്റെ ജീവിതത്തിലൂടെ വരച്ചുകാണിച്ച് ആയിരങ്ങള്‍ക്ക് വെളിച്ചം നല്‍കിയ മഹാന്‍ ഈ ആധുനിക യുഗത്തിന് പടച്ചവന്‍ കനിഞ്ഞു നല്‍കിയ വഴികാട്ടിയാണ്.
മലപ്പുറം ജില്ലയിലെ തൃപ്പനച്ചി അംശം പാലക്കാട് ദേശത്ത് അരിയാനിയില്‍ ആലുങ്ങക്കണ്ടി തവളക്കുഴിയന്‍ രായിന്‍-നെടിയിരുപ്പ് കുഞ്ഞാത്തു ദമ്പതികളുടെ നാലാമത്തെ പുത്രനായി 1931-ലാണ് ജനനം. ഒരു വയസ്സ് തികയും മുമ്പെ മാതാവ് മരണപ്പെട്ടതിനാല്‍ മൂത്തസഹോദരി ഫാത്തിമക്കുട്ടിയുടെ പരിചരണത്തിലാണ് വളര്‍ന്നത്. പിതാവ് ഒരു സാധാരണ കര്‍ഷകനായിരുന്നു. കൃഷിയോടൊപ്പം ആടുമാടുകളെയും പരിപാലിച്ചിരുന്നു. പിതാവിനെ മുഴുവന്‍ ജോലികളിലും ബാലനായ മുഹമ്മദ് മുസ്‌ലിയാര്‍ സഹായിച്ചിരുന്നു. മലമുകളില്‍ കയറി ആടുകളെ മേക്കുന്നതും പാറപ്പുറത്ത് ഏകാംഗനായി ഇരിക്കുന്നതും ചെറുപ്പത്തിലെ ശീലങ്ങളായിരുന്നു.
വിജ്ഞാനത്തോട് അടങ്ങാത്ത താല്‍പര്യം കാണിച്ചിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍ 30 വര്‍ഷമാണ് പഠനത്തിനു വേണ്ടി ചിലവഴിച്ചത്. തൃപനച്ചി പാലക്കാട് പഴയപള്ളി, മെലപ്പുറം, പുല്ലാര, രാമനാട്ടുകര ചെമ്മല, മുസ്‌ലിയാരങ്ങാടി, അരിമ്പ്ര, പൊടിയാട്, നെടിയിരുപ്പ്, ഒതുക്കുങ്ങല്‍, ചെമ്മങ്കടവ് എന്നിവിടങ്ങളിലാണ് പ്രധാനമായും പഠിച്ചത്. മുഹമ്മദ് മുസ്‌ലിയാര്‍ ചിറ്റമണ്ണില്‍, പാലക്കാട് മൊയ്തീന്‍ മുസ്‌ലിയാര്‍, വീമ്പൂര്‍ കെ.പി മുഹമ്മദ് എന്ന മാനു മുസ്‌ലിയാര്‍, ഒ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പട്ടര്‍ക്കുളം കെ.ടി ബഷീര്‍ മുസ്‌ലിയാര്‍, കുഞ്ഞസ്സനാജി നെല്ലിക്കുത്ത്, കിടങ്ങഴി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഊരകം മുഹമ്മദ് മുസ്‌ലിയാര്‍, ഊരകം അഹമ്മദ് മുസ്‌ലിയാര്‍, പള്ളിപ്പുറം കുട്ടി മുസ്‌ലിയാര്‍, മമ്മാലി മുസ്‌ലിയാര്‍ കൊല്ലം, കാളങ്ങാടന്‍ മുഹമ്മദ് മുസ്‌ലിയാര്‍, മുണ്ടമ്പ്ര അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, അരിമ്പ്ര അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഗുരുനാഥന്‍മാരാണ്.
ദിക്ര്‍, പാരത്രിക ചിന്ത, വിശപ്പ്, ഉറക്കമൊഴിക്കല്‍, മൗനം, ഏതാന്തത എന്നിവയായിരുന്നു മുഹമ്മദ് മുസ്‌ലിയാരുടെ ജീവിതം. കു്ന്നിനു മുകളില്‍ കൊടിമരങ്ങള്‍ നാട്ടപ്പെട്ട പിതാവിന്റെ സ്ഥലം, ആനപ്പാലത്ത് മസ്ജിദുല്ലിവാഇന്റെ സ്ഥാനത്തുണ്ടായിരുന്ന സ്രാമ്പ്യ എന്നിവിടങ്ങളില്‍ ദീര്‍ഘ കാലം ഇബാദത്തിലും ഖല്‍വത്തിലും ഇരുന്നു. വയനാട്ടിലും അജ്മീറിലും വര്‍ഷങ്ങളോളം കഴിഞ്ഞിട്ടുണ്ട്. പാലക്കാട്, തൃപ്പനച്ചി, പൂക്കൊളത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളികളില്‍ വെച്ചും പീടികകളില്‍ വെച്ചുമെല്ലാം നിരന്തരം വഅ്‌ളുകള്‍ പറയുമായിരുന്നു. എല്ലാവരെയും പിടിച്ചിരുത്തുന്നതിന് പകരം തന്റെ ചുറ്റും കൂടിയിരിക്കുന്ന ചെറു സംഘങ്ങള്‍ക്കാണ് ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രബോധന രീതി. 1962-63 വര്‍ഷത്തിലായിരുന്നു ഹജ്ജ് യാത്ര.
തൃപ്പനച്ചി-പാലക്കാട് ആനപ്പാലത്ത് മുഹമ്മദ് മുസ്‌ലിയാരുടെ തറവാടു വക സ്ഥലത്ത് ഒരു വഴിയാത്രക്കാരന്‍ ചെറിയ നിസ്‌കാരക്കട്ട് (സ്രാമ്പ്യ) നിര്‍മ്മിച്ചിരുന്നു. മരത്തിന്റെ കാലില്‍ കെട്ടിപ്പൊക്കിയതായിരുന്ന ഇതിന്റെ സ്ഥാനത്താണ് മസ്ജിദുല്ലിവാഅ് സ്ഥാപിച്ചത്. പിന്നീട് പടിഞ്ഞാറ് ഭാഗത്ത് ഒരു പള്ളി നിര്‍മ്മിച്ചു. രണ്ടുപള്ളികളും ഗ്രാനൈറ്റ് പതിച്ച് ഭംഗിയാക്കി. 2001 മാര്‍ച്ച് 26/ 1422 മുഹറം 1 തിങ്കളാഴ്ചയാണ് കുന്നിനു മുകളില്‍ ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(ന.മ) തങ്ങളുടെ പേരില്‍ കൊടിമരം സ്ഥാപിക്കുന്നത്. പിന്നീട് ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഇ(ന.മ) തങ്ങളുടെ പേരിലും കൊടിമരം സ്ഥാപിച്ചു. ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് ദര്‍സിനും ആത്മീയ പരിപാടികള്‍ക്കും തുടക്കം കുറിച്ചു. ഏറെ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളാണിവ.
കുശാഗ്രബുദ്ധിയും കിതാബുകള്‍ മനഃപാഠവും തലനാരിഴ കീറുന്ന അപഗ്രഥന ശേഷിയുമുള്ള പണ്ഡിത പ്രതിഭയായിരുന്നു അദ്ദേഹം. ഭൗതിക സുഖങ്ങളില്‍ നിന്നും തെന്നിമാറി ആത്മീയ ലോകത്തോടു ചേര്‍ന്നായിരുന്നു മുഹമ്മദ് മുസ്‌ലിയാരുടെ ജീവിതം. വിവാഹം പോലും വേണ്ടെന്നു വെച്ചു. ആയിരങ്ങള്‍ തന്റ ഒരു നിമിഷത്തെ സഹവാസമെങ്കിലും കൊതിക്കുമ്പോഴും ജനങ്ങളില്‍ നിന്നും പരമാവധി അകന്നു നില്‍ക്കാന്‍ ശ്രമിച്ചു. അത്ഭുത സിദ്ധികള്‍ നിരന്തരം പ്രകടമായി. പാരമ്പര്യ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുേേമ്പാള്‍ മാത്രമാണ് സാമുദായിക പുരോഗതിയും മുന്നേറ്റവും സാധ്യമാവുകയൊള്ളൂ എന്ന് സമൂഹത്തെ പഠിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പാണക്കാട് കുടുംബത്തിന്റെയും നേതൃമഹിമയും പട്ടിക്കാട് ജാമിഅ നൂരിയ്യ, ചെമ്മാട് ദാറുല്‍ ഹുദാ പോലുള്ള സ്ഥാപനങ്ങളുടെ പ്രാധാന്യവും സമുദായത്തെ മഹാന്‍ ബോധ്യപ്പെടുത്തി. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന പണ്ഡിത വിസ്മയം ഇവിടുത്തെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.
2011 ഡിസംബര്‍ 26/ 1433 സഫര്‍ 1 തിങ്കളാഴ്ചയായിരുന്നു വിയോഗം. ആനപ്പാലത്തുള്ള പള്ളിയോട് ചേര്‍ന്ന കെട്ടിടത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.