പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍;
അറിവും ആരാധനകളും കൊണ്ട് ജീവിതമാതൃക കാണിച്ച സാത്വികനായ പണ്ഡിതനായിരുന്നു പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍. അനുഗ്രഹീതമായ പാരമ്പര്യത്തെ കൈവിടാതെ തലമുറകളിലൂടെ കൈമാറിവരുന്ന ആത്മീയ പ്രകാശംകൊണ്ട് ആയിരങ്ങള്‍ക്ക് ആശ്വാസം പര്‍ന്ന അദ്ദേഹം സമ്പാദിച്ചതെല്ലാം വിജ്ഞാനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് മാറ്റിവെച്ചു. പറപ്പൂരിലെ ഒരു കുഗ്രാമത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമാവുന്ന രീതിയിലേക്ക് പരിവര്‍ത്തിപ്പിച്ച ബാപ്പുട്ടി മുസ്‌ലിയാര്‍ നിസ്വാര്‍ത്ഥമായ സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും പ്രതീകമാണ്.
പണ്ഡിതനും സൂഫിവര്യനുമായിരുന്ന ചോലക്കലകത്ത് കുഞ്ഞീന്‍ മുസ്‌ലിയാരുടെയും കുഞ്ഞാത്തു ഹജ്ജുമ്മയുടെയും മകനായി 1949-ലാണ് ജനനം. ഒന്നാം ഖലീഫ അബൂബക്കര്‍(റ)വിന്റെ കുടംബപരമ്പരയായ ബക്‌രി കുടുംബമാണ് അദ്ദേഹത്തിന്റേത്. പിതാവ് കുഞ്ഞീന്‍ മുസ്‌ലിയാര്‍, കരിഞ്ചാപ്പാടി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഊരകം കുഞ്ഞു മുസ്‌ലിയാര്‍, ചെറുശ്ശോല കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ഓടക്കല്‍ മൂസാന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നാണ് മതപഠനം പൂര്‍ത്തിയാക്കിയത്. ശേഷം പിതാവിനോടൊപ്പം ആത്മീയ-ചികിത്സാ കാര്യങ്ങളില്‍ സഹചാരിയായി നിന്നു. കുഞ്ഞീന്‍ മുസ്‌ലിയാരുടെ വിയോഗ ശേഷം മഹാന്റെ പാത പിന്തുടര്‍ന്ന് ആയിരങ്ങള്‍ക്ക് ആശ്വാസം പകരുകയായിരുന്നു ബാപ്പുട്ടി മുസ്‌ലിയാര്‍.
തന്റെ ചികിത്സയിലൂടെ ലഭിക്കുന്ന തുകയെല്ലാം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. 1986-ല്‍ പിതാവിന്റെ ഓര്‍മ്മക്കായി സി.എച്ച് കുഞ്ഞീന്‍ മുസ്‌ലിയാര്‍ സ്മാരക മന്ദിരം സ്ഥാപിച്ചു. ബോര്‍ഡിങ് മദ്‌റസയായിട്ടായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. 1997-ല്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജിന് തുടക്കം കുറിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളേജാണിത്. സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങുന്ന അന്നഹ്ദ അറബിക് ദ്വൈമാസികയുടെ മുഖ്യപ്രചോദനവും ബാപ്പുട്ടി മുസ്‌ലിയാരായിരുന്നു. സബീലുല്‍ ഹിദായ ജനറല്‍ സെക്രട്ടറി, ദാറുല്‍ ഹുദാ സഹസ്ഥാുന കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട്, വടക്കുംമുറി മഹല്ല് ഖാസി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പിതാവ് സി.എച്ച് കുഞ്ഞീന്‍ മുസ്‌ലിയാര്‍, പാടൂര്‍ കുഞ്ഞി സീതിക്കോയ തങ്ങള്‍ എന്നിവരാണ് ആത്മീയ വഴികാട്ടികള്‍. അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ സഹപാഠിയും സുഹൃത്തുമാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും ഹൃദ്യമായ ബന്ധം സൂക്ഷിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പിന്തുണ നല്‍കിയിരുന്ന അദ്ദേഹം നേതൃസ്ഥാനങ്ങള്‍ അഗ്രഹിച്ചിരുന്നില്ല. പാലക്കാട് ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ ബാപ്പുട്ടി മുസ്‌ലിയാര്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു.
ഒ.കെ ആയിശ ബീവിയാണ് ഭാര്യ. അഹമ്മദ് കുഞ്ഞീന്‍ ഹുദവി, മുഹമ്മദ് സ്വാലിഹ് ഹുദവി ആണ്‍മക്കളും യു. അബ്ദുസ്സലാം ഹുദവി ചെമ്മാട് ഉബൈദ് അന്‍വരി നെല്ലായ ജാമാതാക്കളുമാണ്. 2018 ഒക്ടോബര്‍ 17/ 1440 സഫര്‍ 7-നായിരുന്നു വിയോഗം. സബിലുല്‍ ഹിദായ ഇസ് ലാമിക് കോളേജില്‍ അന്ത്യവിശ്രമം കൊള്ളുന്നു.