നാട്ടിക ഉസ്താദ്
മത ഭൗതിക വിദ്യാഭ്യാസ മേഖല സമ്പുഷ്‌ടമാക്കുന്നതിലും കുഫ്‌രി,ബിദഈ വ്യാജ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് തടയിടുന്നതിലും സമസ്‌ത വഹിച്ച പങ്ക് നിസ്‌തുലമാണ്. മഹോന്നത പണ്ഡിതന്മാരാലും സാദാത്തുക്കളാലും സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന സമസ്‌തയിലൂടെ വിസ്‌മരിക്കാനാവാത്ത സേവനങ്ങള്‍ കാഴ്‌ച വെച്ച വ്യക്തിത്വമാണ് മര്‍ഹൂം നാട്ടിക ഉസ്‌താദ്. കേരളക്കരയിലടനീളം വിഷവിത്തുകള്‍ വിതറിയ ബിദഈ പ്രസ്ഥാനത്തിനു നേരെ പടവാളുമായി ഇങ്ങുകയും തന്റെ ജീവിതകാലം മുഴുവന്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ ആശയാദര്‍ശങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ കഠിന ശ്രമം നടത്തുകയും പൂര്‍ണ വിജയം വരിക്കുകയും ചെയ്‌ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കാനെന്ന പേരില്‍ രംഗത്തുവരികയും സത്യവിശ്വാസത്തെയും സദാചാരത്തെയും എതിര്‍ക്കുക സ്ഥിരം സ്വഭാവമാക്കി മാറ്റുകയും ചെയ്‌ത ബിദഇകള്‍ അദ്ദേഹത്തിനു മുമ്പില്‍ മുട്ടുമടക്കിയെന്നത് വസ്‌തുതാപരമായി തെളിയിക്കപ്പെട്ടതാണ്.
തവസ്സുല്‍ ഇസ്‌തിഗാസ, ഖബര്‍സിയാറത്ത്, ബറക്കത്തെടുക്കല്‍, സ്‌ത്രീപള്ളിപ്രവേശം, മാസപ്പിറവി, ഖുതുബയുടെ ഭാഷ എന്നിവയിലായിരുന്നു പ്രധാനമായും ബിദഇക തെറ്റിദ്ധരിപ്പിച്ചിരുന്നത്. മാത്രമല്ല, ഇസ്‌ലാം അനുവദനീയമാക്കുകയും ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത ഇത്തരം കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നവനെ കാഫിറാക്കുക വരെ ചെയ്‌ത സാഹചര്യം സംജാതമാവുകയുണ്ടായി. ഈയവസരത്തില്‍ കേരളത്തിലെ പൊതു സമൂഹത്തിനിടയില്‍ മാനസിക സംഘര്‍ഷാവസ്‌ത ഉടലെടുത്തുവെന്ന് തന്നെ വേണം കരുതാന്‍. അതിന്റെ സാഹചര്യങ്ങള്‍ സമ്പൂര്‍ണമായി മനസിലാക്കി നാട്ടിക ഉസ്‌താദ് രംഗത്തുവരികയും പൊതുജന ഹൃദയങ്ങളില്‍ അങ്കലാപ്പു സൃഷ്‌ടിച്ച മുഴുവന്‍ വിഷയങ്ങളെയും ഏവര്‍ക്കും ഗ്രഹിക്കാനുതകുന്ന രീതിയില്‍ വിവരിക്കുകയും ചെയ്‌തു. ബിദഈ പ്രസ്ഥാനങ്ങളുടെ പൊള്ളത്തരങ്ങളും ദുരുദ്ദേശ്യങ്ങളും സമൂഹ മദ്ധ്യത്തില്‍ തുറന്നുകാട്ടാന്‍ പ്രശ്‌ന കാലയളവില്‍ സമസ്‌ത നടത്തിയ വെല്ലുവിളികള്‍ക്കും സംവാദങ്ങള്‍ക്കും മുമ്പില്‍ മറുപടി നല്‍കാനാവാതെ പതറിയ ബിദഇകള്‍ക്ക് നാട്ടിക മാറാ തലവേദനയായിരുന്നു. അതിനു വ്യക്തമായ തെളിവു നല്‍കുന്നതാണ് കേരളത്തില്‍ കത്തിനിന്നിരുന്ന മാസപ്പിറവി സംവാദം.
മാസപ്പിറവി സ്വയം കാണുകയോ വിശ്വാസയോഗ്യര്‍ കണ്ടതിനെ അടിസ്ഥാനമാക്കി ഖാസി ഉറപ്പിക്കുകയോ ചെയ്‌തതിനെ ആധാരമാക്കി നോമ്പനുഷ്‌ടിക്കുകയും പെരുന്നാളാഘോഷിക്കുകയും ചെയ്യണമെന്നാണ് മതവിധി. തര്‍ക്കങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ പഴുതില്ലാത്ത വിധം മതഗ്രന്ധങ്ങള്‍ ഇതു സംബന്ധിയായി വ്യക്തവും വിശദവുമായ നിലയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഹിലാല്‍ കമ്മിറ്റി എന്നൊന്ന് ഇസ്‌ലാമിലില്ല തന്നെ. അത് വേറിട്ടു നില്‍ക്കാനുള്ള വ്യഗ്രത നിമിത്തം ചിലര്‍ പടച്ചുണ്ടാക്കിയതാണ്. അതിന്റെ രൂപീകരണ കാലത്തു തന്നെ പണ്ഡിതന്മാര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗ് പോലും ഹിലാല്‍ കമ്മിറ്റിയുടെ നിയമ സാധുതയെ പരസ്യമായി എതിര്‍ത്തിട്ടുള്ളതാണ്. എന്നാല്‍ കേരളത്തില്‍ ഇന്നും ഇത് തുടര്‍ന്നുവരുന്നുവെന്നത് നഗ്നയാഥാര്‍ത്ഥ്യമാണ്. ഇതില്‍ യാതൊരു അടിസ്ഥാനവുമില്ല എന്നേ നാം മനസിലാക്കേണ്ടതുള്ളൂ.
കേരള ജനതക്കിടയില്‍ വിവാദമായ ചര്‍ച്ചക്ക് വഴി വെച്ച സംഭവമായിരുന്നു മാസപ്പിറവി വിവാദം. മാസപ്പിറവി മുന്‍കൂട്ടി ഉറപ്പിക്കുന്ന രീതി അവലംബിക്കുന്ന ഹിലാല്‍ കമ്മിറ്റിക്ക് പലപ്പോഴും കണക്കുകള്‍ തെറ്റിപ്പോയിട്ടുണ്ട്. അതിന്റെ പ്രതിഫലമായി കേരളത്തില്‍ രണ്ടു ദിവസം അടുപ്പിച്ച് പെരുന്നാളുണ്ടാവുകയും കേരള ജനതക്കിടയില്‍ മാനസിക സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്‌തു. ഊയൊരു പശ്ചാത്തലത്തില്‍ മസപ്പിറവിയുടെ അടിസ്ഥാന കാര്യങ്ങളും ഹിലാല്‍ കമ്മിറ്റിയുടെ തെറ്റായ പ്രവചനങ്ങളും ബിദഇകളുടെ വഞ്ചനാത്മക നിലപാടുകളും സമൂഹത്തില്‍ സന്നിവേശിപ്പിക്കാന്‍ സമസ്‌ത തെരഞ്ഞെടുത്തത് നാട്ടികയെയായിരുന്നു. വിഷയത്തിന്റെ ഗൗരവം ഗ്രഹിച്ചു തന്നെ അതേറ്റെടുത്ത നാട്ടിക സമസ്‌ത നല്‍കിയ വേദികളിലൂടെ നടത്തിയ വിപ്ലവങ്ങളുടെ പ്രതിധ്വനി ഇന്നും അലയടിക്കുന്നുണ്ട്.
വഹാബിസം, മൗദൂദിസം, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയ വിഭാഗം ബിദഇകളായിരുന്നു കേരളത്തില്‍ മുഖ്യമായും പൊള്ളത്തരങ്ങള്‍ വ്യാപിപ്പിച്ചിരുന്നത്. ഖുര്‍ആനിനും സുന്നത്തിനുമെതിരായി സ്റ്റേജിലും പേജിലും നിറഞ്ഞുനിന്നവരായിരുന്നു ഇവര്‍ മുഴുവനും. 1921-ല്‍ ഐക്യസംഘമെന്ന പേരില്‍ പ്രവര്‍ത്തനമാരംഭിക്കുകയും പില്‍ക്കാലത്ത് മുജാഹിദ്, സലഫി എന്നീ നാമങ്ങള്‍ സ്വയം സ്വീകരിക്കുകയും ചെയ്‌തവരായിരുന്നു വഹാബികള്‍. ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പ്രവാചക വൃന്ദത്തെ ഒന്നടങ്കം അധിക്ഷേപിച്ചവരായിരുന്നു ഈ വിഭാഗം. ഇസ്‌ലാമില്‍ നിന്ന് പുറത്തുപോവുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഖുര്‍ആനെതിരെയും തിരു ദൂതര്‍(സ്വ) ക്കെതിരെയും നടത്തുക ഇവരുടെ ഹോബിയായിരുന്നു.ഇവര്‍ക്കെതിരെ ശക്തിമായ പ്രതികരണം തീര്‍ക്കുകയും സമൂഹത്തിന് നന്മയും തിന്മയും വേര്‍തിരിച്ച് മനസിലാക്കിക്കൊടുക്കുകയും ചെയ്യേണ്ടത് സമസ്‌തയും പണ്ഡിത സമൂഹവുമാണെന്ന വസ്‌തുത മനസിലാക്കിത്തന്നെ ഇതിനു വേണ്ടി ഉഴിഞ്ഞു വെക്കുകയായിരുന്നു നാട്ടിക തന്റെ ജീവിതം.
താങ്കള്‍ പറയുക, അല്ലാഹു ഏകനാകുന്നുവെന്ന്? (വി.ഖു) ശിര്‍ക്കിനെ എതിര്‍ക്കുക എന്ന ദൗത്യവുമായാണ് മുഴുവന്‍ പ്രവാചകന്മാരും കടന്നുവന്നത്. അഥവാ, അല്ലാഹുവിന്റെ സത്ത, ഗുണം, പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മുഴുവന്‍ കാര്യങ്ങളിലും അല്ലാഹു ഏകനാണെന്നതാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. ഈയൊരു വിവക്ഷയുടെ അടിസ്ഥാനത്തില്‍ അവന്റെ ഏകത്വം അംഗീകരിക്കുകയും ഇബാദത്ത് അവന്ന് വേണ്ടി മാത്രം അര്‍പ്പിക്കുകയും ചെയ്യുന്നതിനാണ് തൗഹീദ് എന്നു പറയുന്നത്. തൗഹീദെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയാണ്. അതിന് കോട്ടം തട്ടുന്നത് ഇസ്‌ലാമിന്റെ നാശത്തെയാണ് സൂചിപ്പിക്കുന്നത്. ബിദഇകള്‍ സുപ്രധാനമായും തൗഹീദ്, ശിര്‍ക്ക് എന്നീ ശിലകളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിനാലാണ് സമസ്‌ത അതിനെതിരെ ശക്തമായി രംഗത്തുവന്നത്. എന്നാല്‍ ബിദഇകളെ ഓവര്‍ടേക്ക് ചെയ്യുന്ന രീതിയില്‍ വിശ്വാസാചാര സംഹിത നിര്‍മ്മിച്ചവരായിരുന്നു ഖാദിയാനികള്‍. അവര്‍ തൗഹീദില്‍ നിന്നും വ്യതിചലിച്ചതിന്റെ വ്യക്തമായ രേഖകള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നു തന്നെ കണ്ടെത്താന്‍ കഴിയുമെന്നതിനാലാണ് ഖാദിയാനികള്‍ കാഫിരീങ്ങളാണെന്ന് സമസ്‌ത ഫത്വ നല്‍കിയത്. അവരുടെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കി സമൂഹമദ്ധ്യേ തുറന്നുകാട്ടാന്‍ നാട്ടിക നടത്തിയ സേവനങ്ങള്‍ ശ്രദ്ധേയമാണ്. അപ്രകാരം രാഷ്‌ട്രീയ പ്രവര്‍ത്തനം ദീനീ സേവനമായി കണ്ട വ്യക്തിത്വം കൂടിയായിരുന്നു മഹാനവര്‍കള്‍. മേലാറ്റൂര്‍ പഞ്ചായത്തില്‍ ഇതിന്റെ കൃത്യമായ അടയാളങ്ങള്‍ നമുക്ക് വായിച്ചെടുക്കാനാവും ലീഗ് പെരിന്തല്‍മണ്ണ മണ്ടലം വൈ. പ്രസിഡണ്ട്, മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് മഹാനവര്‍കള്‍. ഇങ്ങനെ ജീവിതത്തിന്റെ ഏല്ലാ രംഗങ്ങളിലും പൂര്‍ണ്ണ മുസ്‌ലിമായി സമുദായത്തിന് വേണ്ടി ഉരുകിത്തീര്‍ന്ന മഹാനാണ് നാട്ടിക ഉസ്‌താദ്.
ജനനവും ജീവിതവും
മേലാറ്റൂര്‍ പഞ്ചായത്തിലെ എടയാറ്റൂരില്‍ 1952 ഏപ്രില്‍ 2 നാണ് മഹാന്‍ ജനിക്കുന്നത്. വെമ്പുള്ളി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജിയാണ് പിതാവ്. ഖദീജ ഹജ്ജുമ്മ മാതാവും. നാട്ടില പ്രാഥമിക പഠനത്തിന് ശേഷം ചെങ്ങര ജമുഅത്ത് പള്ളി, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യ കരസ്ഥമാക്കി. വെല്ലൂര്‍ ബാഖിയാത്ത്, ദയൂബന്ത്, ദാറുല്‍ ഉലൂം എന്നിവിടങ്ങളില്‍ നിന്ന് ബിരുദം നേടി. അഫ്‌സലുല്‍ ഉലമ പരീക്ഷയും പാസ്സായി. കരുവാരക്കുണ്ട് കെ.കെ അബ്‌ദുല്ല മുസ്‌ലിയാരാണ് പ്രധാന ഗുരുനാഥന്‍. പൊന്നാനി മഊനത്തില്‍ തന്നെയാണ് ആദ്യമായി മുദരിസായി സേവനം ചെയ്‌തത്. ശേഷം ചേന്നമംഗല്ലൂര്‍ സുന്നിയ്യ, നാട്ടിക ജുമാമസ്‌ജിദ് എന്നിവിടങ്ങളിലും ജോലി ചെയ്‌തു. ദേശമംഗലം എം.ഐ.സി മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യ, ദാറുല്‍ ഹികം ചെമ്മാണിയോട് എന്നിവ മൂസ മുസ്‌ലിയാരുടെ പ്രയത്‌നത്തിന്റെ അനന്തരഫലമാണ്.
സമസ്‌തയുടെ ഒട്ടേറെ സ്ഥാനമാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട് മഹാനവര്‍കള്‍. ഹിക്‌മത്ത് മാസികയുടെ പ്രിന്ററും പത്രാധിപരും പബ്ലിഷറും മൂസ മുസ്‌ലിയാര്‍ തന്നെയായിരുന്നു. ഒട്ടനവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് മഹാന്‍. തൗഹീദും ശിര്‍ക്കും, സുന്നത്ത് ജമാഅത്തിനൊരു മുഖവുര, മുസ്‌ലിംലീഗ് സേവനപാതയില്‍, മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയും, മാസപ്പിറവി, മുസ്‌ലിം വ്യക്തി നിയമം, ഖാദിയാനിസം, ശരീഅത്ത്, മുജാഹിദ് പ്രസ്ഥാനം ഹൃദയവൈകല്ല്യങ്ങളുടെ കലവറ തുടങ്ങിയവ അവയില്‍ ചിലതാണ്.
2001 ഒക്‌ടോബര്‍ 4 നാണ് മഹാന്‍ വഫാത്താവുന്നത്. കേവലം 49 വയസ്സ് മാത്രമാണ് അദ്ദേഹം ജീവിച്ചിരുന്നതെങ്കിലും ഒരു നൂറ്റാണ്ട് മുഴുവന്‍ ചെയ്‌തു തീര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ആ ചെറിയ കാലയളവില്‍ നാട്ടിക ഉസ്‌താദ് ചെയ്‌ത് തീര്‍ത്തിരുന്നു. എടയാറ്റൂര്‍ ജുമുഅത്ത് പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.