ശൈഖുനാ കെ.ടി മാനു മുസ്‌ലിയാര്‍;
നിലപാടുകളുടെ നായകന്‍
''നിങ്ങളുടെ ഒഴിവ് സമയം കഠിനാധ്വാനത്തിലൂടെ ഉപയോഗപ്പെടുത്തുക, നിങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശവാദികളാവുക, നിങ്ങള്‍ സമസ്തയുടെ കര്‍മ്മനിരതരായ പ്രവര്‍ത്തകരാവുക.'' മര്‍ഹൂം കെ.ടി മാനു മുസ്‌ലിയാര്‍ തന്റെ പ്രഭാഷണങ്ങളില്‍ ഊന്നിപ്പറയാറുള്ള മൂന്നു കാര്യങ്ങളാണിവ. അദ്ദേഹത്തിന്റെ ജീവിത സന്ദേശവും അവതന്നെയായിരുന്നു. പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ മാതൃകയില്‍ സമസ്തയുടെ ചരിത്രത്തിലെ ബഹുമുഖ പ്രതിഭാധനനായ പണ്ഡിതപ്രതിഭയാണ് കെ.ടി മാനു മുസ്‌ലിയാര്‍.
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ ചേറുമ്പ് ദേശത്ത് കണ്ണത്ത് പ്രദേശത്ത് കാരാട്ട്‌തൊടിക കുഞ്ഞാറ (കുഞ്ഞു അബ്ദുറഹ്മാന്‍)-ത്രാശ്ശേരി ഇത്തിക്കുട്ടി ദമ്പതികളുടെ മകനായി 1932/1380 റജബ് 27-നാണ് ജനനം. മുഹമ്മദ് എന്നാണ് യഥാര്‍ത്ഥ നാമം. ഒന്നര വയസ്സ് പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചു. നാലാം വയസ്സില്‍ കണ്ണത്ത് ബോര്‍ഡ് മാപ്പിള സ്‌കൂളില്‍ ചേര്‍ന്നു. നാലാം ക്ലാസ് വരെയായിരുന്നു പഠനം. ശേഷം മാതാവ് കരുവാരക്കുണ്ട് പള്ളിദര്‍സില്‍ ചേര്‍ത്തു. കരുവാരക്കുണ്ട് കെ.കെ അബ്ദുള്ള മുസ്‌ലിയാരുടെ പിതാവ് കാട്ടുകണ്ടന്‍ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, ആലിപ്പറമ്പ് കുഞ്ഞീതു മുസ്‌ലിയാര്‍, അരിപ്ര സി.കെ മൊയ്തീന്‍ ഹാജി എന്നിവരാണ് ദര്‍സിലെ ഗുരുനാഥന്‍മാര്‍. 1955-ല്‍ ഉപരിപഠനത്തിനായി ബാഖിയാത്തിലേക്ക് തിരിച്ചു. ശൈഖ് ആദം ഹസ്‌റത്ത്, അബൂബക്കര്‍ ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവര്‍ ഉസ്താദുമാരിയിരുന്നു. കെ.കെ അബ്ദുള്ള മുസ്‌ലിയാര്‍, ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, എടപ്പലം ബാപ്പുട്ടി മുസ്‌ലിയാര്‍, സി.കെ മുഹമ്മദ് സഈദ് മുസ്‌ലിയാര്‍ വെല്ലൂരിലെ സതിര്‍ത്ഥ്യരാണ്.
രണ്ടുവര്‍ഷത്തെ പഠന ശേഷം ബാഖവി ബിരുദം നേടി നാട്ടിലെത്തിയ ഉടനെ ഇരിങ്ങാട്ടിരി ജുമുഅത്ത് പള്ളിയിലെ മുദരിസും ഖാളിയുമായി നിയമിതനായി. പരീക്ഷകളും സര്‍ഗ്ഗപരിപോഷണവുമടങ്ങിയ വ്യവസ്ഥാപിതമായ രീതിയിലായിരുന്നു ഇരിങ്ങാട്ടിയിലെ ദര്‍സ്. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കുട്ടി ഫൈസി മഞ്ഞപ്പെട്ടി, പുത്തനഴി മൊയ്തീന്‍ ഫൈസി, സൈദാലി മുസ്‌ലിയാര്‍ മാമ്പുഴ തുടങ്ങിയ പ്രമുഖര്‍ ഈ ദര്‍സിന്റെ സന്തതികളാണ്. ദാറുന്നജാത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതുവരെ ദര്‍സ് തുടര്‍ന്നു. കരുവാരക്കുണ്ട് ഖാളിയും മുദരിസുമായിട്ടുണ്ട്.
ചെറുപ്പം മുതല്‍ക്കെ പൊതുപ്രവര്‍ത്തനത്തില്‍ താല്‍പര്യം കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നു കെ.ടി മാനു മുസ്‌ലിയാരുടെത്. പഠനകാലത്ത് കണ്ണത്ത് ഹയാത്തുല്‍ ഇസ്‌ലാം സംഘം രൂപീകരിച്ചു. സജീവ ലീഗ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം മുസ്‌ലിം യൂത്ത് ലീഗ് രൂപീകരിക്കും മുമ്പെ കരുവാരക്കുണ്ടില്‍ യുവജന ലീഗ് രൂപീകരിച്ചു. ചന്ദ്രിക ഏജന്റായും പ്രദേശിക ലേഖകനായും പ്രവര്‍ത്തിച്ചു. ഖത്വീബുമാരുടെ സംഘടനയായ നിളാമുല്‍ ഉലമാ സെക്രട്ടറി, കരുവാരക്കുണ്ട് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, മര്‍കസു ഇശാഅത്തില്‍ ഇസ്‌ലാം ജനറല്‍ സെക്രട്ടറി എന്നിവ പ്രാദേശികമായി അദ്ദേഹം വഹിച്ചിരുന്ന സ്ഥാനങ്ങളാണ്. എസ്.വൈ.എസ് ഏറനാട് ഈസ്റ്റ് താലൂക്ക് ജനറല്‍ സെക്രട്ടറി (1960), വിദ്യാഭ്യാസ ബര്‍ഡ് ജനറല്‍ ബോഡി മെമ്പര്‍(1966), വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍(1967), സമസ്ത മുശാവറ മെമ്പര്‍(1970), ഫത്‌വ കമ്മിറ്റി മെമ്പര്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി(1987), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി (2001), എം.ഇ.എ എഞ്ചിനീയറിങ് കോളേജ് ജനറല്‍ കണ്‍വീനര്‍ (2001) സ്ഥാനങ്ങളിലൂടെ കെ.ടി മാനു മുസ്‌ലിയാര്‍ സംഘടനാ രംഗത്ത് തിളങ്ങി നിന്നു. ജാമിഅ നൂരിയ്യ, മഊനത്തുല്‍ ഇസ്‌ലാം, വളാഞ്ചേരി മര്‍ക്കസ്, ജന്നത്തുല്‍ ഉലൂം എന്നിവയുടെ പ്രവര്‍ത്തകസമിതി അംഗമായും പ്രവര്‍ത്തിച്ചു. ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍, ഹജ്ജ് കമ്മിറ്റി, വഖഫ് ബോര്‍ഡ്, കെ.എം.ഇ.എ, ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയിലും മെമ്പറായിരുന്നു. ഇതിനെല്ലാം പുറമെ കരവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന്റെ സ്ഥാപകനാണ് കെ.ടി മാനു മുസ്‌ലിയാര്‍.
1970 ഡിസംബറില്‍ ചേളാരിയില്‍ സമസ്താലയം ഉദ്ഘാടനത്തോടനുബന്ധിച്ച് ചേര്‍ന്ന സമസ്ത ജനറല്‍ ബോഡി സംഘടനക്ക് ജില്ലാ, താലൂക്ക് ഘടകങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. കെ.ടി മാനു മുസ്‌ലിയാര്‍ പ്രസിഡണ്ടും കാരക്കുന്ന് പി. മമ്മദു മുസ്‌ലിയാര്‍ സെക്രട്ടറിയുമായി ഏറനാട് താലൂക്ക് സമസ്ത ഘടകം രൂപീകരിക്കപ്പെട്ടു. കിഴക്കന്‍ ഏറനാട്ടില്‍ ഒരു ഉന്നത ദീനീസ്ഥാപനം ഉണ്ടാവണമെന്ന സമസ്ത ജില്ലാ കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് കരുവാരക്കുണ്ടില്‍ ദാറുന്നജാത്ത് യതീംഖാന സ്ഥാപിതമാവുന്നത്. 1976-ല്‍ 12 അനാഥക്കുട്ടികളുമായിട്ടാണ് ഇതിന്റെ തുടക്കം. കെ.ടി മാനു മുസ്‌ലിയാരുടെ ജീവിതം പിന്നീട് ദാറുന്നജാത്തിന് സമര്‍പ്പിക്കപ്പെട്ടു. കഷ്ടപ്പാടിന്റെയും വറുതിയുടെയും കാലത്ത് ഒരു യത്തീമായി വളര്‍ന്നതിന്റെ കണ്ണുനിറക്കുന്ന ഓര്‍മ്മകളായിരുന്നു അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്. 265 അന്തേവാസികള്‍ക്ക് അഭയം നല്‍കുന്ന അനാഥ അഗതി മന്ദിരം, സെക്കന്ററി മദ്‌റസ, എയ്ഡഡ് അറബിക് കോളേജ്. യു.പി സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍, സയന്‍സ് ആന്റ് ടെക്‌നോളജി കോളേജ്, ശരീഅത്ത് കോളേജ് എന്നിവയടങ്ങുന്ന വലിയ സംവിധാനമായിരുന്നു കെ.ടി മാനു മുസ്‌ലിയാരുടെ വിയോഗസമയത്തെ ദാറുന്നജാത്ത്. സമസ്ത ജില്ലാ കമ്മിറ്റിക്കു കീഴില്‍ ബാഫഖി യതീംഖാനയും സ്ഥാപിക്കപ്പെടുന്നത് ഇതെ കാലത്താണ്. മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ഭൂപടത്തില്‍ തെളിഞ്ഞുകിടക്കുന്ന കരുവാരക്കുണ്ട് ദാറുന്നജാത്തും വളവന്നൂര്‍ ബാഫഖി യതീംഖാനയും മതപണ്ഡിതരുടെ ത്യാഗത്തിന്റെ പ്രതീകങ്ങളാണ്.
അഗാധമായ പാണ്ഡിത്യത്തോടൊപ്പം അസുലഭമായ സര്‍ഗ്ഗശക്തിയും സാഹിത്യാഭിരുചിയും കെ.ടി മാനു മുസ്‌ലിയാരില്‍ സമ്മേളിച്ചിരുന്നു. സുന്നി ടൈംസ്, സുന്നി വോയ്‌സ് എന്നിവയുടെ സബ് എഡിറ്റര്‍, അല്‍മുഅല്ലിം, ഫിര്‍ദൗസ്, സുന്നി അഫ്കാര്‍ എന്നിവയുടെ ചീഫ് എഡിറ്റര്‍ സ്ഥാനവും വഹിച്ചു. മാപ്പിളപ്പാട്ട് രചയിതാവും മികച്ച ഗായകനുമായിരുന്ന അദ്ദേഹത്തിന്റെ ഹജ്ജ് യാത്രാ ഗാനം പ്രസിദ്ധമാണ്. സുന്ദരമായ ശബ്ദത്തിലും രീതിയിലുമായിരുന്നു അദ്ദേഹത്തിന്റെ ആലാപനം. അറബിയിലും കവിതകള്‍ രചിച്ചിട്ടുണ്ട്. മസ്ജിദുന്നബവിയില്‍ റൗളാ ശരീഫില്‍ ഇരുന്ന് നബി തിരുമേനിയെ പ്രകീര്‍ത്തിച്ചെഴുതിയ 'സുബ്ഹാന മന്‍ അബ്ദാക യാ ഖൈറല്‍ വറാ', ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ വേര്‍പാട് മനസ്സില്‍ സൃഷ്ടിച്ച വേദനയുടെ പ്രതിഫലനമായി വിരചിതമായ 'ബകതിസ്സമാ വര്‍തജ്ജത്തില്‍ ഗബ്ഖാഉ', നാട്ടിക വി. മൂസ മുസ്‌ലിയാരുടെ വിരഹ വേദനയാലെഴുതിയ 'വജില ദ്ദുമൂഉ അനില്‍ ഫുആദി ഖദിംതലാ' തുടങ്ങിയവ ഉദാഹരങ്ങളാണ്. കെ.ടി മാനു മുസ്‌ലിയാര്‍, കെ.ടി മുഹമ്മദ് മൗലവി, കെ.ടി കണ്ണത്ത്, സ്വൂഫി, അലീഫ് എന്നീ പേരുകളിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍.
1989 സംഭവങ്ങള്‍ കെ.ടി മാനു മുസ്‌ലിയാര്‍ ദീര്‍ഘവീക്ഷണത്തോടെ നേരത്തെ കണക്കുകൂട്ടിയിരുന്നു എന്നു വേണം പറയാന്‍. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്‌റത്ത്, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത് മാനു മുസ്‌ലിയാരുടെ സിന്ധിധ്യവും നിലപാടുകളുമായിരുന്നു.
പുന്നക്കാട് റുഖയ്യയാണ് ഭാര്യ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ജാമാതാവാണ്. 2009 ഫെബ്രുവരി 1/ 1430 സഫര്‍ 5-ന് കോഴിക്കോട് കോന്നാട് കടപ്പുറത്ത് ഖുതുബുസമാന്‍ നഗറില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സുവര്‍ണ്ണ ജൂബിലിയുടെ സമാപന സമ്മേളനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു വിയോഗം. 'നവോത്ഥാനം, നവോല്‍ക്കര്‍ഷം, നറുവിജ്ഞാനത്തിലൂടെ' എന്ന സമ്മേളന പ്രമേയം തെരഞ്ഞെടുത്ത മാനു മുസ്‌ലിയാര്‍ തന്നെയായിരുന്നു സമാപന വേദിക്ക് സ്വാഗതം പറയേണ്ടിയിരുന്നത്. സമ്മേളനത്തില്‍ എനിക്ക് ചിലതൊക്കെ പറയാനുണ്ട് എന്ന് അദ്ദേഹം സഹപ്രവര്‍ത്തകരോട് പങ്കുവെച്ചിരുന്നു. സ്റ്റേജിന്റെ മുന്‍നിരയില്‍ ജനലക്ഷങ്ങളെ കണ്ട് ആനന്ദക്കണ്ണീര്‍ വീഴ്ത്തിയ അദ്ദേഹം സ്വാഗത പ്രസംഗത്തിന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയെ ചുമതലപ്പെടുത്തി. പരിപാടികള്‍ നടന്നുകൊണ്ടിരിക്കെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടും സദസ്സിനോടും സ്‌റ്റേജിനോടും സലാം പറഞ്ഞിറങ്ങി. വൈകാതെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കണ്ണീരോടെ ആ വാര്‍ത്ത ജനലക്ഷങ്ങളെ അറിയിച്ചു; കെ.ടി മാനു മുസ്‌ലിയാര്‍ വഫാത്തായിരിക്കുന്നു. കരുവാരക്കുണ്ട് ദാറുന്നജാത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.